ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം
സാമൂഹ്യചരിത്രം

കോഴിക്കോട് സാമൂതിരി കോവിലകത്തിന്റെ തായ്വഴികളായ പുലിയറ കോവിലകത്തിന്റെയും നിലമ്പൂര്‍ കോവിലകത്തിന്റെയും ഏതാനും ദേവസ്വങ്ങളുടെയും കൈവശത്തിലായിരുന്നു മുന്‍കാലത്ത് പഞ്ചായത്തിലെ ഭൂസ്വത്തില്‍ ഭൂരിഭാഗവും. 1921-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ഖിലാഫത്ത് സമരം ഈ പ്രദേശത്തെ സാംസ്കാരിക രംഗത്ത് സമ്മിശ്രഫലങ്ങളുളവാക്കിയിട്ടുണ്ട്. നെല്ല്, വാഴ, പൂള തുടങ്ങിയ ഹ്രസ്വകാല വിളകളാണ് പണ്ടുകാലത്തിവിടെ പ്രധാനമായും കൃഷി ചെയ്തിരുന്നത്. 1970-ല്‍ ഭൂപരിഷ്ക്കരണനിയമം സമ്പൂര്‍ണ്ണമായി നടപ്പിലായതോടുകൂടി ദീര്‍ഘകാല വിളകളിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിഞ്ഞു. വിശാലമായ മേച്ചില്‍സ്ഥലങ്ങളും, പൊതുജലാശയങ്ങളും ഏറെയുണ്ടായിരുന്നതിനാല്‍ സമ്പന്നമായൊരു കാലിസമ്പത്തും മുന്‍കാലത്തിവിടെ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഇത്തരം സൌകര്യങ്ങളുടെ അഭാവം കാലിവളര്‍ത്തലില്‍ ജനങ്ങള്‍ക്ക് താല്‍പര്യം കുറയാനിടയാക്കി. സ്വാതന്ത്ര്യലബ്ധിയുടെ കാലഘട്ടത്തിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇവിടെ സംഘടിത രൂപത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കോണ്‍ഗ്രസ്സ്, മുസ്ളീംലീഗ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയായിരുന്നു അന്നത്തെ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. 1948-ലെ ഹൈദരാബാദ് ആക്ഷന്‍ കാലത്ത് കാമ്പുറവന്‍ മമ്മദാജിയും മറ്റും അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. വ്യാപകമായി പഞ്ചായത്തില്‍ വൈദ്യുതീകരണം നടന്നത് 1978-ലാണ്. 1983-ല്‍ കാവന്നൂര്‍ മൃഗാശുപത്രി സ്ഥാപിതമായി. പഞ്ചായത്ത് നിലവില്‍ വരുമ്പോഴുണ്ടായിരുന്ന പ്രധാന റോഡ്, മഞ്ചേരി-അരീക്കോട് പി.ഡബ്ള്യൂ.ഡി റോഡുമാത്രമായിരുന്നു. 1965-67 ലാണ് പ്രസ്തുത റോഡ് ടാര്‍ ചെയ്തത്. കാന്‍ഫെഡിന്റെ ആഭിമുഖ്യത്തിലുണ്ടായിരുന്ന വയോജനക്ളാസ്സുകളും സാക്ഷരതാ പ്രവര്‍ത്തനങ്ങളും ഇവിടം കേന്ദ്രീകരിച്ചു നടന്നിരുന്നു. ഇപ്പോഴത്തെ മുഖ്യകൃഷി തെങ്ങ്, നെല്ല്, കശുമാവ് എന്നിവയാണ്. കവുങ്ങിനും റബ്ബറിനും അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്. ഇടവിളയായി കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, വാഴ, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, പച്ചക്കറികള്‍ മുതലായവയും കൃഷി ചെയ്യുന്നു. പച്ചക്കറി പ്രധാന ഉപതൊഴിലായി സ്വീകരിച്ചിരിക്കുന്ന അനേകം ചെറുകിട കര്‍ഷകര്‍ ഈ പഞ്ചായത്തിലുണ്ട്. ജ.ബി.പോക്കര്‍ സാഹിബ്, മുഹമ്മദ് ഇസ്മായില്‍ സാഹിബ്, സി.എച്ച്.മുഹമ്മദ് കോയ, ഇബ്രാഹിം സുലൈമാന്‍സേട്ട് എന്നീ പ്രമുഖരെല്ലാം പാര്‍ലമെന്റില്‍ ഈ പ്രദേശമുള്‍പ്പെടുന്ന നിയോജകമണ്ഡലത്തിന്റെ പ്രതിനിധികളായിരുന്നിട്ടുണ്ട്. ഹിന്ദുക്കളും മുസ്ളീങ്ങളുമടങ്ങുന്ന ഇവിടുത്തെ ജനത സ്നേഹത്തിലും സൌഹാര്‍ദ്ദത്തിലും സഹിഷ്ണുതയോടെയും ജീവിച്ചുപോന്നിട്ടുള്ള പ്രോജ്ജ്വല ചരിത്രമാണ് ഈ ഗ്രാമത്തിനുള്ളത്.

സാംസ്കാരികചരിത്രം

ഇളയൂരിലെ വിഷ്ണു ക്ഷേത്രം, കാവനൂരിലെ ശിവവിഷ്ണു ക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം മുതലായ പ്രാചീന ക്ഷേത്രങ്ങള്‍ പഞ്ചായത്തിലേറെയുണ്ട്. ആദ്യത്തെ മുസ്ളീം പള്ളി കാവനൂര്‍ തവരാപറമ്പില്‍ സ്ഥാപിതമായത് 100-ലധികം വര്‍ഷങ്ങള്‍ക്കുമുമ്പാണ്. പഞ്ചായത്തിലെ ഏഴ് പള്ളികള്‍ മതപഠന (ദര്‍സ്) കേന്ദ്രങ്ങള്‍ കൂടിയാണ്. ആദ്യകാലത്തെ ഓത്തു പള്ളിക്കൂടങ്ങളും കുടിപള്ളിക്കൂടങ്ങളും സാംസ്കാരിക രംഗത്തിന് അടിത്തറ പാകിയെന്നു പറയാം. ഓത്തുപള്ളിക്കൂടങ്ങളുടെ സ്ഥാനത്ത് മതപഠനത്തിന് മദ്രസകള്‍ സ്ഥാപിതമായി. വായനശാലകളും ഗ്രന്ഥാലയങ്ങളും സ്പോര്‍ട്ട്സ്, ആര്‍ട്ട്സ് ക്ളബ്ബുകളുമാണ് ഈ പ്രദേശത്തെ സാംസ്കാരികസ്ഥാപനങ്ങള്‍. 1958-ല്‍ എളയൂരില്‍ സ്ഥാപിതമായ യുവജനസംഘം വായനശാല - ഗ്രന്ഥാലയം, 1959-ല്‍ ഇരിവേറ്റിയില്‍ സ്ഥാപിതമായ പൊതുജനവായനശാല  ഗ്രന്ഥാലയം - സ്പോര്‍ട്സ് ക്ളബ്ബ് എന്നിവയാണ് ആദ്യത്തെ സാംസ്കാരികസ്ഥാപനങ്ങള്‍. പഞ്ചായത്ത് വകയായി 1973-ല്‍ കാവനൂര്‍ അങ്ങാടിയില്‍ സ്ഥാപിച്ചതാണ് അഹ്മദുകുരിക്കള്‍ മെമ്മോറിയല്‍ ലൈബ്രറി. വാകാലൂരില്‍ മോഴിപ്പാടത്ത് സ്വന്തമായി കെട്ടിടമുള്ള നവോദയവായനശാല പ്രവര്‍ത്തിക്കുന്നു. 1962-ല്‍ ചെങ്ങരയില്‍ സ്ഥാപിതമായ “ചന്ദ്രതാര”യായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ കലാസമിതി. യുവഭാവന മാസികയുടെ പത്രാധിപരുമായിരുന്ന എ.ശ്രീധരന്‍, ഗ്രന്ഥകര്‍ത്താവും എഴുത്തുകാരനുമായ അബ്ദുറഹിമാന്‍ ഇരിവേറ്റി, ഗ്രന്ഥകര്‍ത്താവും പബ്ളിഷറുമായ പി.നാരായണന്‍ നമ്പീശന്‍, ആനുകാലികങ്ങളില്‍ എഴുതാറുള്ള കെ.കെ.ജനാര്‍ദ്ദനന്‍, ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ശ്രദ്ധേയരായ കെ.എ.റഹ്മാന്‍ ഫൈസി, ടി.പി.അബൂബക്കര്‍ എന്നിവര്‍ ഈ ഗ്രാമത്തിന്റെ സന്തതികളാണ്. എം.പി.കേശവന്‍ നമ്പൂതിരി ചിത്രകലാരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു. പ്രാചീന കലകളായ കോല്‍ക്കളി, തെയ്യം, വെള്ളരി നാടകം, അയ്യപ്പന്‍പാട്ട്, ഭൂതംകളി, പടപ്പാട്ട്, കത്തുപാട്ട്, കല്ല്യാണപ്പാട്ട് എന്നിവയില്‍ വളരെ ആഴമുള്ള പൈതൃകമാണ് ഈ ഗ്രാമത്തിനുള്ളത്. കൈകൊട്ടിക്കളി ശാസ്ത്രീയനാട്യകലാരീതിയില്‍ പഠിപ്പിച്ചിരുന്ന തേയികുട്ടി പണിക്കത്യാര്‍ കാവനൂരിലെ പഴയ തലമുറയിലെ അറിയപ്പെടുന്ന മഹതിയായിരുന്നു. പ്രാചീനകായിക വിനോദങ്ങളായ കളരിപ്പയറ്റ്, പകിടകളി, കാരകളി, കാളപൂട്ട് തുടങ്ങിയവയ്ക്കു ഈ പ്രദേശത്ത് ഇന്നും പ്രചാരമുണ്ട്. പേരെടുത്ത കാളപൂട്ടുകാര്‍ ഇവിടെയുണ്ടായിരുന്നു. കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയ പ്രഖ്യാപനം നടത്തിയത് ഈ പഞ്ചായത്തിലെ ഒരു പഠിതാവായിരുന്ന ചേലക്കോടന്‍ ആയിശയായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് എളയൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്നു.