ബഡ്ജറ്റ് റിപ്പോർട്ട് 2026-2027
കാവന്നൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് പ്രസംഗം (2026-27)
പ്രിയപ്പെട്ടവരേ,
ആമുഖം
കാവന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ ബജറ്റ് അവതരണ യോഗത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഉൽപാദന സേവന മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടും അടിസ്ഥാന വികസനം ഉറപ്പാക്കിക്കൊണ്ടും സന്തുലിതമായ വികസനത്തിനും നീതിപൂർവ്വമായ പരിഗണനകളും അടിസ്ഥാനമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്.
അടിസ്ഥാനപരമായി കാർഷിക- വ്യവസായിക മേഖലയെ ആശ്രയിക്കുന്ന കാവന്നൂർ ഗ്രാമപഞ്ചായത്ത് അതിന്റെ വികസന ലക്ഷ്യങ്ങളിൽ കൃഷി മേഖലയ്ക്കും വ്യവസായിക മേഖലയ്ക്കും പ്രാഥമിക പരിഗണന നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണ്. പദ്ധതി വരുമാനത്തിന്റെ 30 ശതമാനത്തിലധികം തുക കാർഷിക മേഖലയ്ക്ക് സ്ഥിരമായി മാറ്റി വയ്ക്കുന്ന ഗ്രാമപഞ്ചായത്ത് ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് ഒരു ചുവടുകൂടി മുന്നേറും എന്നതിന് ടി മേഖലയിലെ ഫണ്ട് വിനിയോഗം നേർസാക്ഷ്യം നൽകുന്നു.
ക്ഷീരവികസന മേഖലയിലും മൃഗസംരക്ഷണ മേഖലയിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിലൂടെയും വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് അനുവദിക്കാവുന്ന സഹായങ്ങൾ ലഭ്യമാക്കുന്നതിലൂടെയും ഗ്രാമവാസികളുടെ വരുമാനോപാധികളായ പശു, ആട്, കോഴിവളർത്തൽ എന്നീ തൊഴിലുകൾക്ക് പ്രോത്സാഹനം നൽകുന്നു. ആയതിന്റെ തുടർച്ചയെന്നോണം ബജറ്റ് വർഷവും നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് ആലോചിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര മേഖലയിലും മുന്നേറ്റം എത്തിക്കുന്നതിന് ഈ ബജറ്റിലൂടെ ശ്രമിച്ചിട്ടുണ്ട്.
ലൈഫ് ഭവന പദ്ധതി, ശുചിത്വം- മാലിന്യ സംസ്കരണം, ദാരിദ്ര നിർമാർജന പ്രവർത്തനങ്ങൾ, മറ്റ് സാമൂഹ്യക്ഷേമ പരിപാടികൾ തുടങ്ങിയ മേഖലയിൽ സമഗ്രമായി ഇടപെടുന്നതിനും കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ 168 ആം വകുപ്പ് പ്രകാരമുള്ള മൂന്നാം പട്ടികയിലെ 27 അനിവാര്യ ചുമതലകളും പൊതുവായ ചുമതലകളും അവയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കനുസരിച്ച് പൂർണമായി നിർവഹിക്കുന്നതിനും ഗ്രാമപഞ്ചായത്ത് ഈ ബജറ്റ് വഴി ലക്ഷ്യമിടുന്നു. ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ ഭാഗമായി ഭവനരഹിതരായ മുഴുവൻ ഗുണഭോക്താക്കൾക്കും വീട് നൽകുന്ന പ്രവർത്തനം അതിവേഗം മുന്നോട്ട് പോകുന്നു.
ആരോഗ്യ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പ്രവർത്തനങ്ങളും ഈ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ക്ഷേമപദ്ധതികൾക്കൊപ്പം തന്നെ പശ്ചാത്തല മേഖലയിലും വികസന ഇടപെടൽ നടത്തുന്നുണ്ട്.
തനത് ഫണ്ട് വരുമാനം സാധ്യമായ വഴികളിലൂടെ വർദ്ധിപ്പിച്ച് കൂടുതൽ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നത് ഈ ബഡ്‌ജറ്റ് മുന്നോട്ടു വയ്ക്കുന്ന ആശയമാണ്. കെട്ടിട നികുതിയിലും ലൈസൻസ് ഫീസ് ഇനത്തിലും പ്രൊഫഷൻ ടാക്സ് ഇനത്തിലും വാടക, ലേലം എന്നിവയിലും നൂറ് ശതമാനം കളക്ഷൻ ഉണ്ടാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബഡ്ജറ്റ് നിഷ്കർഷിക്കുന്നു. കേന്ദ്രാവിഷ്കൃത, സംസ്ഥാനാവിഷ്കൃത പദ്ധതി വിഹിതവും സാധാരണക്കാർക്ക് ഉതകുന്ന വിധത്തിൽ വകയിരിത്തുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്.
ഓഫീസ് പ്രവർത്തനങ്ങൾക്കും അനിവാര്യ ചുമതലകൾക്കും വേണ്ട ഫണ്ട് മാറ്റിവയ്ക്കുന്നതിനാടൊപ്പം മാറി വരുന്ന സാഹചര്യത്തിൽ ശുചിത്വത്തിന്റെയും കുടിവെള്ള ലഭ്യതയുടെയും മേഖലയിൽ പഞ്ചായത്ത് ഏറ്റെടുക്കേണ്ടതായി വരുന്ന പുതിയ ഉത്തരവാദിത്വങ്ങൾക്ക് ബഡ്‌ജറ്റിൽ ഫണ്ട് വകയിരുത്തിയിരിക്കുന്നു. ജനങ്ങളുടെ ഒഴിവാക്കാനാവാത്ത ആവശ്യങ്ങളായ ഭവനം, ഭക്ഷണം, കുടിവെള്ളം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നത് അടിയന്തിര പ്രാധാന്യത്തോടെ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നു.
കാവന്നൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നതിനോടൊപ്പം സൗജന്യ മരുന്ന് വിതരണവും ചികിത്സയും ലാബ് സൗകര്യങ്ങളും തുടരുന്നതിന് ബഡ്ജറ്റിൽ തുക കണ്ടെത്തിയിട്ടുണ്ട്. വനിതാവികസനത്തിന്റെ മേഖലയിൽ ശ്രദ്ധേയമായ സേവനം ഏറ്റെടുത്തിട്ടുള്ള ഹരിത കർമ്മസേന, കുടുംബശ്രീ എന്നിവയുട പ്രവർത്തനവും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു.
കാവനൂർ ഗ്രാമപഞ്ചായത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളുടെ സുരക്ഷയും പഠന സാഹചര്യങ്ങളും ഉയർന്ന നിലവാരത്തിലുള്ളതാക്കാൻ 'തെളിച്ചം' വിദ്യാഭ്യാസ വികസന പദ്ധതി പോലുള്ള നൂതന പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നു. അംഗൻവാടി കുട്ടികൾ, ബഡ്‌സ് സ്കൂൾ കുട്ടികൾ, അഗതികൾ, അതിദരിദ്രർ എന്നിവർക്ക് തണലേകുന്ന വിധത്തിലാണ് ഈ ബഡ്‌ജറ്റിൽ തുക വകയിരുത്തിയിട്ടുള്ളത്.
ആസ്തികളുടെ പുനരുദ്ധാരണവും പുതിയ റോഡുകളുടെ നിർമ്മാണവും തെരുവ് വിളക്കുകളുടെ മെയിൻറെനൻസും ഏറ്റെടുക്കുവാൻ ബഡ്‌ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കാവന്നൂർ ഗ്രാമ പഞ്ചായത്തിൽ കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് ധന സഹായം നൽകുന്നതിനും കോക്ളിയാർ ഇംപ്ലാന്റേഷനും ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കാവന്നൂർ ഗ്രാമ പഞ്ചായത്ത് സൗന്ദര്യവൽക്കരിക്കുന്നതിനായി 'കാവനൂർ-സൗന്ദര്യവൽക്കരണം' എന്ന ഒരു പദ്ധതിയും പഞ്ചായത്ത് ഓഫീസിന് പുതിയ ഒരു കെട്ടിടവും ഈ ബഡ്ജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്.
ബജറ്റ് പ്രഖ്യാപനങ്ങൾ കൃത്യമായി പരിശോധിക്കുന്നതിനും അവയിൽ കൃത്യമായ ഇടപെടലുകൾ നടത്തി ഗ്രാമപഞ്ചായത്തിലെ ഓരോ സാധാരണക്കാരനും വികസനത്തിന്റെ ഗുണഫലങ്ങൾ എത്തിക്കുന്നതിന്നും എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. കൂടാതെ ബജറ്റ് തയ്യാറാക്കുന്നതിനായി സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കട്ടെ.
വിശദമായ വകയിരുത്തലുകളും നിർദ്ദേശങ്ങളും അടങ്ങിയ ബജറ്റ് സ്റ്റേറ്റ്മെന്റ് അവതരിപ്പിക്കുന്നതിന് വൈസ് പ്രസിഡണ്ടിനെ ക്ഷണിക്കുന്നു.
സുബൈദ കൂട്ടക്കടവൻ (പ്രസിഡന്റ്, കാവനൂർ ഗ്രാമപഞ്ചായത്ത്)
ബഡ്ജറ്റ് പ്രസംഗം
ബഹുമാന്യരേ,
കാവന്നൂർ ഗ്രാമ പഞ്ചായത്തിന്റെ 2026-27 വർഷത്തേക്കുള്ള ബജറ്റ് ഈ യോഗത്തിൽ അവതരിപ്പിക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പതിനാലാം പഞ്ചവത്സര പദ്ധതിയിലെ അഞ്ചാമത്തെ ബജറ്റും ഈ ഭരണ സമിതിയുടെ ഒന്നാമത്തെ ബജറ്റും ഏറെ അഭിമാനത്തോടെ ഇവിടെ അവതരിപ്പിക്കുകയാണ്.
ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുമ്പ് ബജറ്റ് അവതരിപ്പിക്കേണ്ടതിനാൽ പദ്ധതികളുടെ ചെലവ് വിവരങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. വികസന ക്ഷേമ പ്രവർത്തനങ്ങളുടെ യഥാർത്ഥ അവസ്ഥകൾ ഉൾക്കൊണ്ട് എല്ലാ മേഖലകളിലും സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ടാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്.
സാമ്പത്തികമായ വികസനം ലക്ഷ്യമിടുമ്പോഴും സമൂഹം നേരിടുന്ന പുതിയ വെല്ലുവിളികളിലൊന്നായ ലഹരി ഉപയോഗത്തിൽ നിന്നും പഞ്ചായത്തിനെ മുക്തമാക്കുക, നാം അഭിമുഖീകരിക്കേണ്ടതായി വരുന്ന പ്രശ്നങ്ങളായ കാലാവസ്ഥാ വ്യതിയാനം, ഉറവിട മാലിന്യ സംസ്കരണം, കാവനൂർ ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന വർഗ്ഗമായ കർഷകരെയും, സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും, കർമ്മോന്മുഖരായി രംഗത്ത് വന്നിട്ടുള്ള ഹരിത കർമ്മസേന ഉൾപ്പെടെയുള്ള സംരംഭങ്ങളെയും ഉന്നമനത്തിലേക്ക് നയിക്കുന്ന വികസന കാഴ്ചപ്പാടാണ് ഈ ബഡ്ജറ്റ് വിഭാവനം ചെയ്തിട്ടുള്ളത്.
സർവ്വ മേഖലയിലും സ്പർശിച്ചു കൊണ്ടും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക ശ്രദ്ധ ചെലുത്തിക്കൊണ്ടും ഗ്രാമപഞ്ചായത്തിന്റെ സമസ്ത മേഖലയിലും സാർവത്രികവും സന്തുലിതവുമായ വികസന പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ചുകൊണ്ടും വിഭാവനം ചെയ്ത ബജറ്റ് വിശദാംശങ്ങൾ നിങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുന്നു.
പ്രതീക്ഷിത വരവുകൾ
| ഇനം | തുക (രൂപ) |
|---|---|
| നികുതി വരവുകൾ | 1 കോടി 25 ലക്ഷത്തി 85 ആയിരം |
| നികുതിയേതര വരവുകൾ | 71 ലക്ഷത്തി 11 ആയിരത്തി 4 നൂറ് |
| ജനറൽ പർപ്പസ് ഫണ്ട് | 3 കോടി 14 ലക്ഷത്തി 62 ആയിരം |
| വികസന ഫണ്ട് ജനറൽ | 3 കോടി 99 ലക്ഷത്തി 86 ആയിരം |
| ധനകാര്യ കമ്മീഷൻ ഗ്രാന്റ് | 2 കോടി 30 ലക്ഷത്തി 62 ആയിരം |
| മെയിന്റനൻസ് ഫണ്ട് റോഡ് | 1 കോടി 51 ലക്ഷത്തി 77 ആയിരം |
| മെയിന്റനൻസ് ഫണ്ട് നോൺ റോഡ് | 28 ലക്ഷത്തി 99 ആയിരത്തി എൺപത്തി നാല് |
| ഗുണഭോക്തൃ വിഹിതം | 25 ലക്ഷത്തി 85 ആയിരം |
| സംയുക്ത പ്രൊജക്ടുകൾക്കുള്ള തുക | 65 ലക്ഷം |
| കേന്ദ്രാവിഷ്കൃത പദ്ധതികൾ | 9 കോടി 98 ലക്ഷത്തി 50 ആയിരം |
| ബി ഫണ്ട് | 80 ലക്ഷം |
| മറ്റുള്ളവ | 0 |
2026-27 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന പ്രധാന പദ്ധതികൾ
- ലൈഫ് ഭവന നിർമ്മാണം ജനറൽ: 1 കോടി രൂപ
- ലൈഫ് ഭവന നിർമ്മാണം എസ്.സി: 60 ലക്ഷം രൂപ
- വീട് വാസയോഗ്യമാക്കൽ: 40 ലക്ഷം രൂപ
- സോളാർ ഫെൻസിംഗ്: 8 ലക്ഷം രൂപ
- തെളിച്ചം-കുട്ടികളുടെ വിദ്യാഭ്യാസ വികസന പദ്ധതി: 8 ലക്ഷത്തി 80 ആയിരം രൂപ
- അതിദരിദ്രർക്ക് മരുന്ന് വാങ്ങൽ: 1 ലക്ഷത്തി 50 ആയിരം രൂപ
- അംഗനവാടി കെട്ടിടങ്ങൾ: 60 ലക്ഷം രൂപ
- ആരോഗ്യ ഭേരി: 3 ലക്ഷത്തി 47 ആയിരം രൂപ
- വാതിൽപ്പടി സേവനം: 10 ആയിരം രൂപ
- സ്ട്രീറ്റ് ലൈറ്റ് എൽഇഡി യിലേക്ക് മാറ്റൽ: 30 ലക്ഷം രൂപ
- പ്രത്യേക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ബത്തയും: 34 ലക്ഷം രൂപ
- പെൺമ - പഞ്ചായത്ത് സ്ത്രീ സൗഹൃദമാക്കൽ: 2 ലക്ഷം രൂപ
- ക്ലീൻ കാവന്നൂർ: 9 ലക്ഷം രൂപ
- പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം: 3 കോടി രൂപ
- സ്വയം തൊഴിൽ സംരംഭം - ധന സഹായം: 15 ലക്ഷം രൂപ
മേഖല തിരിതെയുള്ള വകയിരുത്തലുകൾ
1. കാർഷിക മേഖല
കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്കായി 42,27,334/- രൂപ വകയിരുത്തിയിരിക്കുന്നു. നെൽ കൃഷി വികസനം, തെങ്ങ് കൃഷിവികസനത്തിന് ജൈവവള വിതരണം, ഫലവൃക്ഷത്തൈ വിതരണം, പച്ചക്കറി കൃഷി വികസനം, വാഴ കൃഷി വികസനം, ഇടവിള കൃഷി, തേനിച്ച കൃഷി പ്രോത്സാഹനം, വന്യമൃഗശല്യം പരിഹരിക്കുന്നതിന് സോളാർ ഫെൻസിംഗ് എന്നീ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.
2. മൃഗസംരക്ഷണവും ക്ഷീരവികസനവും
മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ മേഖലകളിലെ വിവിധ പദ്ധതികൾക്കായി 51,10,500/- രൂപ നീക്കിവെക്കുന്നു. ഇതിൽ കോഴി വളർത്തൽ, മുട്ടക്കോഴി വിതരണം, പാലിന് സബ്‌സിഡി, എബിസി (ABC) പ്രോഗ്രാം എന്നിവ ഉൾപ്പെടുന്നു. ഇത്തരത്തിൽ ഉൽപ്പാദന മേഖലയ്ക്കായി ആകെ 1,49,70,000/- രൂപ വകയിരുത്തുന്നു.
3. പൊതുജനാരോഗ്യം
രോഗം വരാതിരിക്കാൻ പ്രതിരോധ നടപടികൾ, രോഗം വന്നാൽ ഫലപ്രദമായ ചികിത്സ, കിടപ്പു രോഗികൾക്ക് സാന്ത്വന പരിചരണം ഇവ മൂന്നും ചേർന്നുളള പൊതു ആരോഗ്യ സംവിധാനത്തിന് 63,00,000/- രൂപ വകയിരുത്തിയിരിക്കുന്നു. ഇതിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ഗൃഹ കേന്ദ്രീകൃത സാന്ത്വന പരിചരണം, വിവിധ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങൽ, ഡയാലിസിസ് ധനസഹായം എന്നിവ ഉൾപ്പെടുന്നു.
4. അതിദരിദ്ര ക്ഷേമം (EPIP)
സംസ്ഥാന സർക്കാറിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ ഇ പി ഐ പി യുമായി ബന്ധപ്പെട്ട് അതിദരിദ്രരുടെ പട്ടികയിലുളളവർക്കായി വീട് റിപ്പയർ, യൂസർ ഫീ ഇളവ്, മരുന്ന് വിതരണം, ഭക്ഷ്യക്കിറ്റ് വിതരണം എന്നിവയ്ക്കായി 5,50,000/- രൂപ സേവന മേഖലയിൽ വകയിരുത്തുന്നു.
5. വിദ്യാഭ്യാസ മേഖല
വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികൾക്കായി 34,05,000/- രൂപ നീക്കി വെക്കുന്നു. സ്കൂളുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തൽ, പ്രഭാത ഭക്ഷണം, തെളിച്ചം വിദ്യാഭ്യാസ വികസന പദ്ധതി, തുല്യതാ പഠനം, എസ് എസ് എ വിഹിതം നൽകൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
6. സാമൂഹ്യ സുരക്ഷയും ഭിന്നശേഷി ക്ഷേമവും
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കായി സ്കോളർഷിപ്പ്, ബത്ത, ബഡ്‌സ് സ്കൂൾ എന്നീ പദ്ധതികൾക്കായി 50,00,000/- രൂപ വകയിരുത്തുന്നു. അങ്കണവാടി പോഷകാഹാര പദ്ധതിക്കായി 70,00,000/- രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്.
7. വനിതാ വയോജന വികസനം
വനിതാ വികസനത്തിന് മുൻഗണന നൽകി ജാഗ്രതാ സമിതി, സ്വയം തൊഴിൽ ഗ്രൂപ്പുകൾക്ക് ധന സഹായം നൽകൽ, പെണ്മ പദ്ധതി, വിധവകൾക്കായുള്ള ആർദ്ര പദ്ധതി, ഷീ ടോയ്ലറ്റ് നിർമ്മാണം, വനിത ഓപ്പൺ ജിമ്മിന് സൗകര്യമൊരുക്കൽ എന്നിവ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തുന്നു. കൂടാതെ വിധവകളായ സ്ത്രീകൾക്കുള്ള ആർദ്ര പദ്ധതി, പഞ്ചായത്ത് സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള പെണ്മ പദ്ധതി എന്നിവയുടെ പ്രാവർത്തികമാക്കലിനായി ഈയിനത്തിൽ പ്രത്യേകമായി 500,000/- രൂപ വകയിരുത്തുന്നു. വയോജന ക്ഷേമത്തിനായി വൃദ്ധർക്ക് പകൽവീട് പ്രവർത്തനക്ഷമമാക്കൽ, വയോജനോത്സവം എന്നീ പദ്ധതികളും ഉൾപ്പെടുന്നു.
8. പാർപ്പിട മേഖല (ലൈഫ് പദ്ധതി)
സമ്പൂർണ്ണ പാർപ്പിട പദ്ധതി ലക്ഷ്യമിട്ട് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണം, പുനരുദ്ധാരണം എന്നിവയ്ക്കായി വികസന ഫണ്ട്, തനത് ഫണ്ട്, സംസ്ഥാന വിഹിതം, ഹഡ്കോ വായ്പ ഉൾപ്പെടെ 1,60,00,000/- രൂപ നീക്കിവെക്കുന്നു.
9. ശുചിത്വ മേഖല
ശുചിത്വ മേഖലയിൽ പൊതു ടോയ്‌ലറ്റിനായി 17 ലക്ഷം രൂപയും, ഹരിത കർമ്മസേനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ 'ക്ലീൻ കാവന്നൂർ' ഉൾപ്പെടെ ശുചിത്വ മേഖലയ്ക്കായി 9 ലക്ഷം രൂപയും നീക്കിവെക്കുന്നു.
ഇത്തരത്തിൽ സേവന മേഖലയ്ക്കായി ആകെ 9,43,73,250/- രൂപ വകയിരുത്തുന്നു.
10. പശ്ചാത്തല വികസനം
പശ്ചാത്തല മേഖലയിലെ മെയിന്റനൻസ് ഗ്രാന്റ് റോഡ് ഇനത്തിൽ 2,30,62,000/- രൂപ വകയിരുത്തിയിട്ടുണ്ട്. സർക്കാർ-സർക്കാരേതര ഫണ്ട് ഉപയോഗിച്ച് കാവന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണവും ഈ ബഡ്ജറ്റിൽ വിഭാവനം ചെയ്യുന്നു.
11. പട്ടികജാതി വികസനം
പട്ടികജാതി വിഭാഗത്തിൽ 1,25,44,000/- രൂപ ഉൽപാദന, സേവന, പശ്ചാത്തല മേഖലകളിലേക്ക് വകയിരുത്തുന്നു.
ഉപസംഹാരം
കൂടുതൽ വികസനോന്മുഖമായ ബഡ്‌ജറ്റ് തയ്യാറാക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് സഹായിച്ച ഭരണസമിതിയിലുള്ള സഹപ്രവർത്തകരോടും നിർവ്വഹണ ഉദ്യോഗസ്ഥരടക്കമുള്ള ഉദ്യോഗസ്ഥവൃന്ദത്തോടും നിസ്സീമമായ കടപ്പാട് രേഖപ്പെടുത്തുന്നു. ആരോഗ്യകരമായ ചർച്ചകൾക്കും അഭിപ്രായങ്ങൾക്കും വിലയിരുത്തലുകൾക്കും നിർദ്ദേശങ്ങൾക്കുമായി ഭരണ സമിതി മുൻപാകെ ഈ ബഡ്ജറ്റ് സമർപ്പിച്ചുകൊള്ളുന്നു.
ഉസ്മാൻ പി വി (വൈസ് പ്രസിഡന്റ്, കാവന്നൂർ ഗ്രാമ പഞ്ചായത്ത്)